ചിറ്റാര്‍ : വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറ മോഷടിച്ചതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിനിടയിൽ കുടപ്പനക്കുളത്ത് യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ചെയർമാനായ അന്വേഷണ സമിതിയെയാണ് ഇതിനായി വനംവകുപ്പ് നിയോഗിക്കുക. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അധികൃതർ പറയുന്നത് ഇപ്രകാരമാണ്. കുടപ്പനകുളം പടിഞ്ഞാറേചരുവിൽ വർഗീസ്(40)നെയാണ് ക്യാമറ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ ഇദ്ദേഹത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളും സഹായിയും ചേർന്ന് വനത്തിനുള്ളിൽ കാട്ടുപന്നിയെ വേട്ടയാടിയതിന്റെ ദൃശ്യങ്ങൾ വനംവകുപ്പ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് മനസിലാക്കിയ വർഗീസും സുഹൃത്തും ചേർന്ന് ക്യാമറ നശിപ്പിക്കുന്നതിനായാണ് ക്യാമറ മോഷ്ടിച്ചത്. ക്യാമറയുടെ സാങ്കേതിക വശങ്ങൾ അറിയാവുന്ന ഇദ്ദേഹത്തിന്റെ സുഹൃത്തിനേയും ഒപ്പം കൂട്ടിയിരുന്നു. കമ്പിയും മറ്റും ഉപയോഗിച്ച് ക്യാമറ ഇളക്കി എടുത്തതിന് ശേഷം ഇത് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ വെച്ച് നശിപ്പിച്ചുകളയുകയും ക്യാമറയുടെ ഇരുമ്പ് കൂട് കുടപ്പനകുളത്തെ വീടിന് പുറക് വശത്തെ കിണറിന് സമീപത്തെ പൊത്തിൽ ഒളിപ്പിച്ചതായും ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
ഇതിനെ തുടർന്ന് ഇയാളെയും കൂട്ടി അന്വേഷിക്കുവാൻ വൈകിട്ട് അഞ്ച് മണിയോടെ ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയും കിണറിന് സമീപത്തെ പൊത്തിൽ ഒളിപ്പിച്ച ക്യാമറയുടെ ഭാഗങ്ങൾ എടുക്കുവാൻ എന്ന വ്യാജേന കിണറിനടുത്ത് എത്തിയ ഇയാൾ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ്, പോലീസ് അധികൃതരും വനപാലകരും ചേർന്ന് ഇയാളെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ആർ ഡി ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വന്നതിന് ശേഷം രക്ഷിച്ചാൽ മതിയെന്ന വാശിയിലായിരുന്നു നാട്ടുകാർ. തുടർന്ന് ഇയാൾ മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി സി സി എഫ് ചെയർമാനായ അന്വേഷണ സമിതിയെ നിയോഗിക്കുമെന്നാണ് അറിയുന്നതെന്നും റാന്നി ഡി എഫ് ഒ പറഞ്ഞു.