ചിറ്റാർ : പ്ലാസ്റ്റിക്കിനെതിരെയുളള യുദ്ധപ്രഖ്യാപനവുമായി ചിറ്റാറിൽ ഹരിത കർമ്മ സേന സജ്ജമായി.
പഞ്ചായത്തിലെ 13 വാർഡുകളിലും ഇനി സേനയുടെ സേവനം ലഭിക്കും. ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഹരിത കർമ്മസേനയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രാജുവട്ടമല, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി കെ സജി, ഷൈലജ ബീവി, ഓമന പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ വയ്യാറ്റുപുഴ അജയൻ, മറിയാമ്മ വർഗ്ഗീസ്, മോഹൻദാസ്, ഡി ശശിധരൻ, എലിസബേത്ത് ജോസഫ്, സുജാ ശ്രീകുമാർ, അന്നമ്മ ജോർജ്ജ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എം കെ ഷിറാസ്, പഞ്ചായത്ത് സെക്രട്ടറി ഡി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബുധനാഴ്ച്ച മുതൽ കർമ്മരംഗത്തിറങ്ങുന്ന ഹരിത കർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും കയറി ലഘുലേഖ വിതരണം ചെയ്യും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കടകളിലും വീടുകളിലും എങ്ങനെ സൂക്ഷിച്ചു വയ്ക്കണമെന്നും ഏതൊക്കെ ദിവസങ്ങളിൽ അവ ശേഖരിക്കാൻ സേനാംഗങ്ങൾ എത്തിച്ചേരുമെന്നും രേഖപെടുത്തിയ ലഘുലേഖയാണ് വിതരണം ചെയ്യുന്നത്. 24 പേരടങ്ങിയ ഹരിത കർമ്മ സേനാംഗങ്ങളാണ് ഇതിനായി രംഗത്തിറങ്ങുന്നത്. എല്ലാ വാർഡുകളിലും ഗൃഹസന്ദർശനം നടത്തുന്ന ഇവർ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയെരുതെന്ന സന്ദേശം നൽകും. വീടുകളിലേക്ക് വാങ്ങിക്കൊണ്ടു വരുന്ന പാലിന്റെ കവർ ഉൾപ്പെടെ കഴുകി വൃത്തിയാക്കി വീട്ടുകാർ സൂക്ഷിക്കണം. ഒരു കാരണവശാലും ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളുടെ പരിസരങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കില്ല. വിവിധ വാർഡുകളിൽ നിന്നും എത്തിക്കുന്ന പ്ലാസ്റ്റിക്കുകൾ പഞ്ചായത്തിന്റെ ചുമതലയിൽ സൂക്ഷിക്കുകയും. അവിടെ നിന്ന് ക്ലീൻ കേരള കമ്പനി കൊണ്ടുപോയി ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും.