പത്തനംതിട്ട : ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ കൊലപാതകത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യുന്നതു വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ഓഗസ്റ്റ് നാലാം തീയതി മുതലാണ് സത്യാഗ്രഹം ആരംഭിക്കുന്നത്.
സിപിഎമ്മും സ്ഥലം എംഎൽഎയും പ്രതികളെ പിടികൂടാൻ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നത് വിചിത്രമായ തീരുമാനമാണ്. കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരാണ്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയും സർക്കാരും വിചാരിച്ചാൽ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്. വനം വകുപ്പിനെ വിമർശിക്കുന്നതിന് സമയം കണ്ടെത്തിയ എംഎൽഎ വിചാരിച്ചാൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയെ കൊണ്ട് നടപടികൾ കൈക്കൊള്ളാം. എംഎൽ എ യും സി.പി എം നേതാക്കളും ഇപ്പോൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത് കൊലയാളികളെ രക്ഷിക്കുവാന്‍ വേണ്ടിയാണെന്നും ബാബു ജോർജ് ആരോപിച്ചു.
മത്തായിയുടെ മരണം കൊലപാതകമാണന്ന് എം.എൽഎക്ക് സംശയം ഉണ്ടങ്കിൽ കേസെടുക്കാൻ നിർദേശിക്കുകയാണ് വേണ്ടത്. റാന്നിയിൽ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനം ഉണ്ടായപ്പോഴും അന്ന് റാന്നി .എം .എൽ എ ഇതുപോലെ ആക്ഷൻ കൗൺസിൽ രൂപികരിച്ച് അന്വേഷണം വഴിതിരിച്ചു വിട്ടിരുന്നു. പ്രതികളായ വനപാലകരെ അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റത്തിന് കേസ് ചാർജ് ചെയ്യേണ്ടത് പോലീസ് ആണ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ അനിശ്ചിത കാല റിലേ സത്യാഗ്രഹവുമായി കോൺഗ്രസ് മുന്നോട്ട് പോകും.