റാന്നി : ചിറ്റാറിലെ ക്ഷീര കര്‍ഷകന്റെ ദുരൂഹ മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സിബിഐ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ ഉടന്‍ എടുക്കും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്ക്ക് സിബിഐ റിപ്പോര്‍ട്ട് കൈമാറിയതോടെ തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം ചിറ്റാര്‍ പോലീസ് എടുത്ത കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഷീബ മോള്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐ വിട്ടത്.രണ്ടു വര്‍ഷം വനപാലകര്‍ കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ കുടപ്പനയില്‍ മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കേരള പോലീസും, വനം വകുപ്പും നടത്തിയ അന്വേഷണം രാത്രി നടന്ന കാലുതെറ്റി കിണറ്റില്‍ വീണ് മരണം സംഭവിച്ച സാധാരണ കേസാക്കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
2020 ജൂലായ് 28 ന് മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതു മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് ഇപ്പോള്‍ സിബിഐയുടെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് കേസില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായിട്ടുള്ളത്. മരണപ്പെട്ട പി.പി മത്തായി എന്ന പൊന്നുവിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനു മുന്‍പായി യാതൊരു വിധ കേസുകളും കുറ്റകൃത്യം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ക്യാമറ നശിപ്പിച്ചു എന്ന ആരോപണത്തിന് പോലീസില്‍ ഫോറസ്റ്റ് അധികൃതര്‍ പരാതി നല്‍കിയിട്ടില്ല, ക്യാമറ നശിപ്പിച്ച സ്ഥലത്തു വെച്ചു പ്രത്യേകം മഹസര്‍ തയാറാക്കിയിട്ടില്ല, അറസ്റ്റ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അവഗണിച്ചു, കസ്റ്റഡിയില്‍ എടുക്കുന്നതിനു വീട്ടില്‍ പ്രവേശിക്കുന്നതിനു രേഖകള്‍ തയാറാക്കിയില്ല, കസ്റ്റഡിയില്‍ എടുത്ത ആളെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിക്കുകയോ രേഖകള്‍ തയാറാക്കുകയോ ചെയ്തിരുന്നില്ല, ഇതിനു പുറമെ പോലീസില്‍ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 63 പ്രകാരം അറിയിപ്പ് നല്‍കിയില്ല.
മരണപ്പെട്ട ആള്‍ നല്‍കിയതായി അവകാശപ്പെടുന്ന കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയില്ല, ഫോണ്‍ സിം കാര്‍ഡ് കണ്ടെത്താന്‍ വീടിനുള്ളില്‍ കയറുന്നതിനു യാതൊരു രേഖകളും തയാറാക്കിയില്ല, സ്വതന്ത്ര സാക്ഷികളെ അറിയിച്ചില്ല, പരിശോധന മെമ്മോ നല്‍കിയില്ല, അധികാരപ്പെട്ട മേലുദ്യോഗസ്ഥരോട് അനുമതി വാങ്ങിയില്ല, കസ്റ്റഡിയില്‍ എടുത്ത ശേഷം മെഡിക്കല്‍ പരിശോധന നടത്തിയില്ല, സുരക്ഷിതത്വം ഉറപ്പാക്കിയില്ല, കോടതിയില്‍ കൃത്യത്തിനു ശേഷം ഹാജരാക്കിയ മഹസര്‍ വിവരങ്ങളില്‍ നിന്നും ക്യാമറ നശിപ്പിച്ച സംഭവത്തില്‍ പങ്കാളിയായിരുന്നതും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനു വിവരം നല്‍കി എന്ന് പറയുന്നതുമായ ആളുടെ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടില്ല.
സംഭവം സംബന്ധിച്ച് ചിറ്റാര്‍ പോലീസില്‍ ആദ്യം ഫോറസ്റ്റ് സ്റ്റാഫ് രേഖാമൂലം വിവരം നല്‍കിയില്ല, മെമ്മറി കാര്‍ഡ് പ്രതി കത്തിച്ചു കളഞ്ഞു എന്നു പറയുമ്പോള്‍ തന്നെ അവശിഷ്ടങ്ങള്‍ തെരഞ്ഞു കിണറിനടുത്തു പോയി എന്ന് പറയുന്നത് വിശ്വസനീയം അല്ല, ആള്‍മറയുള്ള കിണറ്റില്‍ ചാടിയതായി പറയുമ്പോള്‍ തടയാന്‍ ശ്രമിച്ചതായി പറയുന്നില്ല, തുടങ്ങി നിരവധി കണ്ടെത്തലുകള്‍ വനപാലകര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് വനം വകുപ്പിനു മാനക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.