പത്തനംതിട്ട : വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരുഹ സാഹചര്യത്തിൽ മരിച്ച ചിറ്റാർ സ്വദേശി പി.പി.മത്തായിയുടെ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ സിബിഐക്ക് കൈമാറും. ഒന്നാം പോസ്റ്റുമോർട്ടം റിപ്പോർട്ട് നിലവിലുള്ള സാഹചര്യത്തിൽ റീ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് നൽകില്ല.
ശരീരത്തിന്റെ സൂക്ഷ്മ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തി വിശദമായാണ് രണ്ടാം റിപ്പോർട്ട് തയാറാക്കുന്നത്. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് റിപ്പോർട്ട് കൈമാറും. മത്തായിയെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മുഴുവൻ പേരുടെയും ഫോൺ കോൾ രേഖകൾ ശേഖരിച്ചു തുടങ്ങി. ശാസ്ത്രീയ തെളിവു ശേഖരണം പൂർത്തിയാകുന്നതോടെ പ്രതിപ്പട്ടിക സഹിതം അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും. തെളിവു ശേഖരണം പൂർത്തിയായ ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നാണ് സൂചന.