പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായ സജി കുളത്തുങ്കലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ സജിയെ ആരും പിന്തുണച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് രക്തസാക്ഷിയുടെ മകന്‍ എന്ന പരിഗണന നല്‍കി രണ്ടു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിക്കാതെ രാഷ്ട്രീയ പ്രതിയോഗികളുമായി തെരഞ്ഞെടുപ്പിന് ശേഷം നിരന്തരം സജി സമ്പര്‍ക്കത്തിലായിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് സി.പി.എം പിന്തുണ സ്വീകരിച്ച സജിയുടെ പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടനെ തന്നെ സമീപിക്കുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
അധികാരം ലഭിക്കുന്നതിനുവേണ്ടി എന്തു തരംതാണ നടപടിയും സി.പി.എം സ്വീകരിക്കുമെന്നുള്ളതിന് ഉദാഹരണമാണ് ചിറ്റാറില്‍ നടന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് രക്തസാക്ഷിയായിരുന്ന കുളത്തുങ്കല്‍ വര്‍ഗീസിനെ നിരന്തരം അപമാനിച്ചുകൊണ്ടിരുന്ന സി.പി.എം വര്‍ഗീസിന്റെ മകന്റെ പിന്തുണ തേടിയതിന്റെ രാഷ്ട്രീയ ധാര്‍മ്മികത എന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.