ചിറ്റാര്‍ : വളര്‍ത്തുനായയുമായി മൃഗഡോക്ടറെ കാണാന്‍ പോയ ഉടമയേയും നായയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലോക്ക് ഡൌണ്‍ ലംഘിച്ചതിന് യുവാവിന്റെ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലെ ചിറ്റാറില്‍ ഇന്നലെയാണ് സംഭവം നടന്നത്.
മൃഗഡോക്ടർ പറഞ്ഞതനുസരിച്ചാണ് ചെവി പഴുത്ത് സുഖമില്ലാത്ത വളർത്തു നായയെയും കൊണ്ട് നീലിപിലാവ് കൊളാകോട് വീട്ടില്‍ സ്റ്റാലിന്‍ ചിറ്റാര്‍ മൃഗാശുപത്രിയില്‍ എത്തിയത് . രാവിലെ ഒന്‍പതരയ്ക്ക് തന്നെ ഡോക്ടര്‍ പരിശോധിച്ച് മരുന്നും കുറിച്ചുനല്‍കി. കുറിപ്പടി പ്രകാരമുള്ള മരുന്ന് വാങ്ങുവാന്‍ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തിയ സ്റ്റാലിനെ അവിടെയുണ്ടായിരുന്ന പോലീസ് എത്തി ചോദ്യം ചെയ്തു. കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കുകയും കയ്യില്‍ ഉണ്ടായിരുന്ന സത്യവാങ്മൂലം കാണിക്കുകയും ചെയ്തെങ്കിലും സച്ചിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. നായയേയും ഉടമയേയും അവര്‍ വന്ന സ്കൂട്ടറും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്തൊക്കെയോ എഴുതി ഒപ്പിടുവിച്ചതിനു ശേഷം നായയേയും കൊണ്ട് പോകുവാന്‍ പറഞ്ഞു. സ്കൂട്ടര്‍ തിരികെ നല്‍കിയില്ല. ഉച്ചക്ക് ഒരുമണിയോടെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രോഗം ബാധിച്ച നായയേയും കൊണ്ട് അഞ്ചു കിലോമീറ്റര്‍ അകലെള്ള വീട്ടില്‍ എത്തിയത്.
വീട്ടില്‍ പോകുവാന്‍ വാഹനം കാത്ത് മണിക്കൂറുകളോളം സ്റ്റേഷന്റെ മുന്നില്‍ അസുഖമുള്ള നായയുമായി കുത്തിയിരിക്കേണ്ടി വന്നുവെന്ന് സ്റ്റാലില്‍ പറയുന്നു. ലോക്ക് ഡൌണ്‍ തെറ്റിക്കുന്നവരെ പിടികൂടുവാന്‍ എല്ലാ സ്ഥലത്തും പോലീസ് ഉണ്ട്. ആശുപത്രി സംബന്ധമായ കേസുകള്‍ക്കും മറ്റും സഞ്ചരിക്കുന്നതിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും പോലീസില്‍ ഉണ്ട്. ഇന്നലെ പുനലൂരില്‍ നടന്നതും അതാണ്. സത്യം പറഞ്ഞിട്ടും ആശുപത്രിയിലേക്ക് പോകുവാന്‍ പോലും അനുവദിച്ചില്ല. ഡിസ്ചാര്‍ജ് ചെയ്ത പിതാവിനെയും എടുത്തുകൊണ്ട് ഒരുകിലോമീറ്റര്‍ ഒരു മകന് നടക്കേണ്ടിവന്ന ദുരവസ്ഥയുടെ കാരണക്കാരനും ഒരു പോലീസുകാരനാണ്.
മനുഷ്യനായാലും മൃഗങ്ങള്‍ക്കായാലും അസുഖം വന്നാല്‍ ചികിത്സിക്കണം. ആശുപത്രിയില്‍ പോകേണ്ടിവന്നാല്‍ പോകുകയും വേണം. എന്നാല്‍ ഇതിന് ചില പോലീസുകാര്‍ തടസ്സം നില്‍ക്കുകയാണ്.