കണ്ണൂര്‍: പെരിങ്ങത്തൂര്‍ അരയാക്കൂലില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് സംശയിക്കുന്നയാളുമായി ബന്ധപ്പെട്ട ചൊക്ലി സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ നിരീക്ഷണത്തില്‍. ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എസ്.ഐ. സുഭാഷ്, മൂന്ന് സിവില്‍ പോലീസുകാര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ദിവസം തോക്കോട്ട് വയല്‍ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ഇവര്‍ സ്റ്റേഷനില്‍ സജീവ ഇടപെടല്‍ നടത്തിയതാണ് കൂടുതല്‍ ആശങ്കക്കിടയാക്കിയത്. ഇതേതുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ചൊക്ലി പോലീസ് സ്റ്റേഷന്‍ അടച്ചിട്ടു. പരാതിക്കാരെയും പോലീസുകാരെയും സ്റ്റേഷനില്‍ കയറ്റാതെ നിര്‍ത്തി. അണുവിമുക്തമാക്കിയ ശേഷമേ ഇനി സ്റ്റേഷനിലേക്ക് പ്രവേശനമുണ്ടാകൂ.