മല്ലപ്പള്ളി : ചുങ്കപ്പാറ – കോട്ടാങ്ങൽ പ്രദേശങ്ങളിൽ അനധികൃത മദ്യവിൽപ്പന്നയും നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെയും വിപണന കേന്ദ്രങ്ങൾ വർദ്ധിക്കുന്നതായി പരാതി. യുവാക്കളാണ് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായി പ്രവർത്തിക്കുന്നത്. ഇത് യുവാക്കളെയും വിദ്യാർഥികളെയും കൂടുതലായി കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. കോട്ടാങ്ങൽ ജംഗ്ഷൻ, കടൂർക്കടവ്, ചുങ്കപ്പാറ, സികെ റോഡ്, പൊന്തൻപുഴ റോഡ്, ചാലാപ്പള്ളി റോഡിൽ സി എം എസ് പടി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ റോഡിന്റെ വശങ്ങളിലാണ് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളും മദ്യപാനവും പൊടിപൊടി ന്നത്.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ ഈ കേന്ദ്രങ്ങളിൽ സജീവമായി ലഭിക്കുന്നു. ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആവശ്യക്കാർക്ക് മദ്യവും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകുന്നതിനുള്ള യുവാക്കളുടെ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ വാഹനത്തിൽ വിൽപ്പനയും മദ്യപിക്കുന്നതിനുള്ള അവസരവും ഒരുക്കി കൊടുക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ ചില പ്രദേശങ്ങളിൽ യുവാക്കളുടെ വലിയ നിര തന്നെയുണ്ടാകും.
അമിത ലാഭമാണ് യുവാക്കളെ ഇതിലെക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നത്. ജംഗ്ഷനുകളിലും മറ്റും അസഭ്യം പറച്ചിലും കയ്യാങ്കളിയും നിത്യ സംഭവമായിരിക്കുകയാണ്. പോലീസ് എക്സൈസ് അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഘങ്ങൾ പെരുകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശങ്ങളിൽ പോലീസ് പട്രോളിംങും പരിശോധനകളും കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.