ചൂരക്കോട് : ആയുർവേദ ഭക്ഷണമൊരുക്കി വനിതകൾ. ചൂരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ യോഗ പരിശീലനത്തിനെത്തുന്ന 70 പേർ ചേർന്നാണ് വിവിധതരം ഭക്ഷണമൊരുക്കിയത്. ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ ഫെസ്റ്റിൽ ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണങ്ങളായിരുന്നു കൂടുതലും. ചെറുപയർ, ശംഖുപുഷ്പം, ബീറ്റ്റൂട്ട്, കാരറ്റ്, ഗോതമ്പ്, റാഗി, തേങ്ങ എന്നിവ ചേർത്തുള്ള മഴവിൽപുട്ട് ആകർഷകമായി. ലഡ്ഡു, നെല്ലിക്ക ജ്യൂസ്, ചെമ്പരത്തി ചായ, ശംഖുപുഷ്പം ജ്യൂസ്, ഔഷധക്കാപ്പി, ഔഷധക്കഞ്ഞി, അവൽ, ഉപ്പുമാവ്, എള്ളുണ്ട, ഈന്തപ്പഴംകൊണ്ടുള്ള വിഭവങ്ങൾ തുടങ്ങി 35 ഇനങ്ങളാണ് തയ്യാറാക്കിയത്.
തയ്യാറാക്കേണ്ട വിഭവങ്ങളുടെ പട്ടിക ഒരാഴ്ച മുമ്പ് ഓരോരുത്തർക്കും നൽകിയിരുന്നു. ഇത് വീടുകളിൽ ഉണ്ടാക്കി ആശുപത്രിയിലെത്തിച്ച് പ്രദർശനത്തിന് വെയ്ക്കുകയായിരുന്നെന്ന് മെഡിക്കൽ ഓഫീസർ ഡോ. തത്ത ദമനൻ പറഞ്ഞു. ഡോ. എസ്.പാർവതിയുടെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുത്ത വനിതകൾ യോഗ പരിശീലിക്കുന്നത്. ആശുപത്രിയിലെത്തിയവർക്ക് പ്രദർശനത്തിനുവെച്ച വിഭവങ്ങൾ വിതരണം ചെയ്തു. ആയുർ ഫുഡ്ഫെസ്റ്റിന്റെ ഉദ്ഘാടനം ഏറത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി, ആശുപത്രി ജീവനക്കാരായ ഷിബു മണ്ണടി, മുനീറ ബീഗം എന്നിവർ പ്രസംഗിച്ചു.