തിരുവനന്തപുരം : യാക്കോബായ സഭ ഇടതുപക്ഷത്തെ കൈയ്യൊഴിയുന്നു. പ്രധാനമന്ത്രി മോദി നടത്തുന്ന ഇടപെടലിനൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫിന് മേല്‍ക്കോയ്മ കിട്ടുന്നുണ്ടോ എന്ന സംശയവും യാക്കോബായക്കാര്‍ക്കുണ്ട്.
യാക്കോബായക്കാരുടെ സ്വന്തം പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ പോലും സഭയിലെ ചിലര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇന്ന് കഥമാറുകയാണ്. പതിയെ യുഡിഎഫുമായി അടുക്കുകയാണ് അവര്‍. ഭരണം യുഡിഎഫിന് കിട്ടും എന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ നീക്കം. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര വലിയ വിജയമാണെന്ന് അവര്‍ വിലയിരുത്തുന്നു. സഭാതര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് യു.ഡി.എഫിന്.
യാക്കോബായ സഭയിലെ ഇടതു ലോബി അനുനിമിഷം ദുര്‍ബലമാകുന്നുവെന്നതാണ് വസ്തുത. പിണറായിയുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയാണ്. യാക്കോബായ മെത്രാന്മാരുടെ നിലപാടുകളിലും അയവ് വന്നുതുടങ്ങി. ഇതോടെയാണ് മധ്യ കേരളത്തില്‍ ക്രൈസ്തവര്‍ ചതിക്കില്ലെന്ന വികാരം കോണ്‍ഗ്രസിന് കൈവരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായി ഇടതുമുന്നണിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇടതുമുന്നണിക്കു നേട്ടം സമ്മാനിച്ചതിനുപിന്നിലും മറ്റൊന്നായിരുന്നില്ല. സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന ഇടതു സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചായിരുന്നു ഈ ഇടതുചായ് വ് . എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നിയമനിര്‍മ്മാണത്തിനു സര്‍ക്കാര്‍ തയാറാകില്ലെന്നു വ്യക്തമായതോടെ ഒരു മുന്നണിയോടും അയിത്തം വേണ്ടെന്നും സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാനും യാക്കോബായ സഭ നിലപാടു സ്വീകരിച്ചു. അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള ചുമതല പള്ളിപ്രതിപുരുഷ യോഗത്തിനു നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
പള്ളി തര്‍ക്കത്തില്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാണെന്ന് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇരട്ടത്താപ്പാണെന്ന് യാക്കോബായക്കാര്‍ ഇപ്പോള്‍ പറയുന്നു. പ്രശ്നം നീട്ടിക്കൊണ്ടു പോയി വോട്ട് നേടാനാണ് ശ്രമമെന്നും അവര്‍ തിരിച്ചറിയുന്നു. ഇതോടെയാണ് പതിയെ ഇടതുപക്ഷത്തു നിന്ന് അവര്‍ അകലുന്നത്. വെള്ളിയാഴ്ച രണ്ടിന് തിരുവനന്തപുരം സെയ്ന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ കൂടുന്ന സഭാ സമിതികളുടെ സംയുക്തയോഗം തുടര്‍ സമരപരിപാടികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും അന്തിമരൂപം നല്‍കും. ഇത് ഇടതുപക്ഷത്തിന് പൂര്‍ണ്ണമായും അനുകൂലമാകില്ല.
യാക്കോബായ സഭയ്ക്ക് ഒരു രാഷ്ട്രീയമുന്നണിയോടും പ്രത്യേക അയിത്തമില്ലെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനും സഭയുടെ രാഷ്ട്രീയനിലപാടുകള്‍ സുന്നഹദോസില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനും തീരുമാനിച്ചു. 2017 ജൂലായ് 3-ലെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ള നിയമനിര്‍മ്മാണം വൈകുന്നതിലുള്ള ഉത്കണ്ഠ സഭാ വര്‍ക്കിങ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.
സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായി ദേശീയതലത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിവാണ് സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്. ഒരു മുന്നണിയില്‍നിന്നുമുള്ള പ്രതീക്ഷ സഭ കൈവിട്ടിട്ടില്ല. ഏതെങ്കിലും മുന്നണിയുമായി കൂട്ടുചേര്‍ന്ന് പിന്നീട് രാഷ്ട്രീയനിലപാടെടുക്കും. മുപ്പതോളം മണ്ഡലങ്ങളില്‍ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇക്കാര്യത്തില്‍ ഒരു മുന്നണിയോടും വിവേചനം കാണിക്കില്ലെന്നും യാക്കോബയ സഭ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.