കൊച്ചി : കുര്‍ബാന ക്രമം ഏകീകരണത്തിനെതിരെ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ഉള്‍പ്പെടെ അഞ്ച് രൂപതകളില്‍ നിന്നുള്ള വൈദികരാണ് സഭാ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയാന്‍ ഒരു വിഭാഗം വിശ്വാസികള്‍ ശ്രമിച്ചതോടെ സഭാ ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സിറോ മലബാര്‍ സഭാ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് കാക്കനാട്ടെ സഭാ ആസ്ഥാനം സാക്ഷിയായത്. കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 250ഓളം വൈദികരാണ് സഭ ആസ്ഥാനത്ത് പ്രതിഷേധിച്ചത്. എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂര്‍ അതിരൂപത, ഇരിങ്ങാലക്കുട രൂപത പാലക്കാട് രൂപത താമരശ്ശേരി രൂപത എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരാണ് സഭാ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച വൈദികരെ തടയാന്‍ ഒരു വിഭാഗം വിശ്വാസികള്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി.
പ്രാര്‍ത്ഥനയും മുദ്രാവാക്യം വിളികളുമായി വൈദികരും വിശ്വാസികളും പരസ്പരം നിലയുറപ്പിച്ചു. കുര്‍ബാന ക്രമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉള്ള നിവേദനം സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വൈദികര്‍ നിലപാടെടുത്തു. തുടര്‍ന്ന് പോലീസ് ഇടപ്പെട്ട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൂരിയ ചാന്‍സലര്‍ സമരവേദിയിലെത്തി വൈദികരുടെ പ്രതിനിധികളില്‍ നിന്ന് നിവേദനം സ്വീകരിച്ചു.
കുര്‍ബാന ക്രമം പിന്‍വലിക്കുന്ന കാര്യത്തില്‍ ഈ മാസം 20 ന് മുന്‍പ് തീരുമാനം എടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വൈദികര്‍ വ്യക്തമാക്കി. സഭയിലെ ന്യൂനപക്ഷം വൈദികര്‍ മാത്രമാണ് കുര്‍ബാന ക്രമം ഏകീകരണത്തെ എതിര്‍ക്കുന്നതെന്ന് സമരത്തെ എതിര്‍ക്കുന്ന വിശ്വാസികള്‍ വിമര്‍ശിക്കുന്നു. സിനഡ് തീരുമാനമനുസരിച്ച് ഈ മാസം 28 മുതലാണ് സീറോ മലബാര്‍ സഭയില്‍ പരിഷ്‌കരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്.