തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തേക്കുറിച്ചാണ് പാർവതി പറയുന്നത്. വർഷങ്ങളോളം തങ്ങളുടെ കുടുംബത്തിലെ എല്ലാവരുടേയും പ്രിയപ്പെട്ടവനായി ജീവിച്ച വളർത്തു നായ മെസിയുടെ വിയോഗമാണ് പാർവതിയെ സങ്കടത്തിലാക്കിയിരിക്കുന്നത്. വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു. നീ എന്റെ ജീവിതത്തിലേക്ക് വരുമ്പോൾ നിനക്ക് 40 ദിവസം മാത്രമായിരുന്നു പ്രായം. ഉപാധികളില്ലാത്ത സ്നേഹം നൽകി നീ എന്നെ നല്ല മനുഷ്യനാക്കി മാറ്റി. നിന്റെ കുസൃതികളും ശാഠ്യങ്ങളും കൂട്ടുമെല്ലാം ഞാൻ മിസ് ചെയ്യുന്നു.
നിന്നെ എന്റെ ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം. നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുസൃതിയുള്ളവനുമായിരിക്കുക. എന്റെ മെസിമ്മ സമാധാനത്തോടെ വിശ്രമിക്കു. അമ്മയുടേയും അപ്പയുടേയും ചക്കിയുടേയും കണ്ണന്റെയും ഒത്തിരി ചുംബനങ്ങൾ- എന്നാണ് പാർവതി കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് പാർവതിയുടെ പോസ്റ്റിന് താഴേ കമന്റുമായെത്തിയിരിക്കുന്നത്. ഇത് വളരെ വേദനാജനകമാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. മെസിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും പാർവതി പങ്കുവച്ചിട്ടുണ്ട്. ജയറാമിനും കുടുംബത്തിനും മൃഗങ്ങളോടുള്ള സ്നേഹത്തേക്കുറിച്ച് ആരാധകർക്ക് നന്നായി അറിയുകയും ചെയ്യും. തന്റെ പ്രിയപ്പെട്ട നായക്കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ ജയറാമും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മെസിയുടെ ഒരു വീഡിയോ കാളിദാസും പങ്കുവച്ചിരുന്നു.
നീ എവിടെയായിരുന്നാലും ഒരുപാട് ഐസ്ക്രീമും മധുരപലഹാരങ്ങളും നിനക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങളെ ഇത്രയധികം സന്തോഷത്തിലാക്കിയതിന്, സ്നേഹിച്ചതിന്, പരിപാലിച്ചതിന് എല്ലാത്തിനും നന്ദി. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു സഹോദരാ എന്നാണ് കാളിദാസ് മെസിയുടെ വീഡിയോ പങ്കുവച്ച് കുറിച്ചത്. ഇടയ്ക്കിടെ മെസിയുടെ ക്യൂട്ട് വീഡിയോകളും കാളിദാസ് പങ്കുവയ്ക്കാറുണ്ടായിരുന്നു.