കൊച്ചി : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലത്തുക കുറയ്ക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍നിന്നും എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ മറ്റ് സംഘടനകള്‍ക്കുണ്ടെങ്കില്‍ സിനിമാ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാകില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അന്നെടുത്ത തീരുമാനം.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സിനിമയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ വീണ്ടുമൊരു പ്രതിഫല വിവാദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. മുന്‍പുള്ളതിനേക്കാള്‍ തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രോജക്‌ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും സംഘടന പറഞ്ഞു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ‘ഫെഫ്കയ്ക്ക്’ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് അയച്ചിട്ടുണ്ട്.