ഡല്‍ഹി: ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാതീയറ്ററുകള്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മാളുകളിലെ മള്‍ട്ടീപ്ലക്‌സുകള്‍ക്ക് ബാധകമല്ല എന്നാണ് സൂചന.
ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ തീയറ്ററുകള്‍, മാളുകള്‍, വ്യായാമശാലകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. എന്നാല്‍ പുതിയ ശുപാര്‍ശയില്‍ സിനിമാശാലകളെ തുറക്കാന്‍ അനുവദിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
രാജ്യത്ത് ലക്ഷക്കണക്കിന് വരുന്ന സാധാരണ സിനിമാതീയറ്ററുകളാണ് കൂടുതലായുള്ളത്. കൊറോണ നിയന്ത്രണങ്ങളോടെ ഇവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. നിരവധി സാധാരണക്കാരുടെ തൊഴില്‍ തിരികെ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താല്‍ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ശുപാര്‍ശയില്‍ സിനിമാ തീയറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സമുച്ചയങ്ങളെക്കുറിച്ചുമാത്രമാണ് പരാമര്‍ശമുള്ളത്. മാളുകളിലെ സിനിമാശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശുപാര്‍ശയില്ല.