ദില്ലി: സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023 രാജ്യസഭ പാസാക്കി. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ് സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023. സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. സിനിമാശാലകളില്‍ ഫോണിലൂടെ സിനിമ പകര്‍ത്തുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമാവും.
പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷം എന്നതിനു പകരം എന്നാക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസന്‍സിങ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയില്‍ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.