പത്തനംതിട്ട: വിശുദ്ധ റമദാൻ മാസത്തിന്റെ തലേദിവസം തന്നെ മുസ്ലിം വിഭാഗത്തിന് ഏറെ ദോഷകരമായി ബാധിക്കുന്ന സിഎഎ ചട്ടം പ്രാബല്യത്തിലാക്കിയത് കേന്ദ്ര സർക്കാർ മുസ്ലീങ്ങളോട് കാണിക്കുന്ന അവഹേളനമാണെന്നും നിയമം ഉടനടി പിൻവലിക്കണമെന്നും ജമാഅത്ത് ഫെഡറേഷൻ കേരള മുസ്ലിം ജമാഅത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തിൻറെ തെരുവുകളിൽ ലക്ഷക്കണക്കിന് പൗരന്മാർ ജാതിമതഭേദമന്യേ പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്നിരുന്നു. സർക്കാർ എന്നത് രാജ്യത്തിൻറെ മുഴുവൻ ജനങ്ങളുടേതുമാണ്. അതിൽ മുസ്ലിം വിഭാഗത്തെ മാത്രം മാറ്റി നിർത്തിക്കൊണ്ട് ഒരു നിയമം പാസാക്കുന്നത് രാജ്യത്തിൻറെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. വരുന്ന ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് വിഭാഗീയ പ്രവർത്തനത്തിലൂടെ വോട്ട് നേടാം എന്നതാണ് ബിജെപിയുടെ ധാരണ.
ജനങ്ങൾ ഈ ഇലക്ഷനിൽ ഇതിന് മറുപടി പറയും. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ച് കേന്ദ്രസർക്കാർ ഇത്തരം നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുമ്പോൾ സുപ്രീംകോടതി അടിയന്തിരമായി ഇടപെടണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് യൂസഫ് മോളൂട്ടി, ജനറൽ സെക്രട്ടറി എച്ച് അബ്ദുറസാഖ്, സ്റ്റേറ്റ് സെക്രട്ടറി അഫ്സൽ പത്തനംതിട്ട, സി.എച്ച് സൈനുദ്ദീൻ മൗലവി, എം എച്ച് അബ്ദുറഹീം മൗലവി, സാലി നാരങ്ങാനം, ഷാജി പന്തളം, അൻസാരി ഏനാത്ത് അബ്ദുറഹീം കുമ്മണ്ണൂർ കാസിം കോന്നി, സജീവ് കല്ലേലി എന്നിവർ പങ്കെടുത്തു.