ദില്ലി : മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നാല് മതവിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് മാത്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുക്കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതിയുടെ പരിഗണനയ്ക്ക് വരും. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് മുസ്‌ലിം ലീഗിന്റെ ഹർജി പരിഗണിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം തുല്യത അടക്കം മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.
സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുമ്പ് മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം. 1955ലെ പൗരത്വ നിയമത്തെ പിൻപറ്റി 2009ൽ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കാണ് അപേക്ഷിക്കാവുന്നത്.