7.99 ലക്ഷം രൂപക്ക് ബസാള്‍ട്ട് കൂപെ എസ്‌യുവി ഇന്ത്യയില്‍ പുറത്തിറക്കി സിട്രോണ്‍. ഒക്ടോബര്‍ 31 വരെ 11,001 രൂപ നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ പ്രരംഭ വിലയിൽ വാഹനം ലഭ്യമാവും. ഇന്ത്യക്കായുള്ള സി ക്യൂബ്ഡ് പ്രോഗ്രാം പ്രകാരം സിട്രോണ്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് ബസാള്‍ട്ട്. പരമ്പരാഗത മിഡ്‌സൈസ് എസ് യു വികളുടെ എതിരാളിയായി എത്തുന്ന സിട്രോണ്‍ ബസാള്‍ട്ടിന് എതിരാളികളേക്കാള്‍ കുറഞ്ഞത് ഒരു ലക്ഷ രൂപയുടെ കുറവ് വിലയിലുണ്ടെന്നതും ശ്രദ്ധേയമാണ്. എ3 എയര്‍ക്രോസുമായി ഏറെ സാമ്യതയുള്ള വാഹനമാണ് സിട്രോണ്‍ ബസാള്‍ട്ട്. എസ്‌യുവിയുമായി ഏറെ സാമ്യതയുള്ള മുന്‍ഭാഗമുള്ള വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം വ്യത്യസ്തമാണ്. പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും പുത്തന്‍ അലോയ് വീലുകളും റീഡിസൈന്‍ഡ് എല്‍ഇഡി ടെയില്‍ ലാംപുകളും ഡ്യുവല്‍ടോണ്‍ റിയര്‍ ബംപറും ബസാള്‍ട്ടിലുണ്ട്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്‌മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍. വെള്ള, ചുവപ്പ് നിറങ്ങളില്‍ ബ്ലാക്ക് റൂഫും ലഭ്യമാണ്. സി3 എയര്‍ക്രോസിന്റെ ഡാഷ് ബോര്‍ഡാണ് ബസാള്‍ട്ടിലും. പിന്‍സീറ്റിലെ യാത്രാ സുഖം വര്‍ധിപ്പിക്കാന്‍ അഡ്ജസ്റ്റബിള്‍ തൈ സപ്പോര്‍ട്ട്. ഇത് സെഗ്മെന്റില്‍ തന്നെ ആദ്യമായാണ് എത്തുന്നത്. 470 ലീറ്റര്‍ ബൂട്ട് സ്‌പേസ്.
ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പിന്നില്‍ എസി വെന്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷക്കായി ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് കാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ ഫീച്ചറുകള്‍. 82 എച്ച്പി 115 എന്‍എം നാച്ചുറലി ഇന്‍സ്പയേഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190എന്‍എമ്മിലേക്കും ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.
നിലവില്‍ ബസാള്‍ട്ടിന്റെ ഇന്‍ഡ്രൊഡക്ടറി പ്രൈസ് ഓഫറാണ് സിട്രോണ്‍ പുറത്തുവിട്ടിരിക്കുന്നത്. മുഴുവന്‍ മോഡലുകളുടേയും വിശദമായ വിലവിവരങ്ങള്‍ അടുത്ത ദിവസങ്ങളിലായിരിക്കും പുറത്തുവരിക. ടാറ്റ കര്‍വ് (പ്രതീക്ഷിക്കുന്ന വില 15 ലക്ഷം മുതല്‍), ഹ്യണ്ടേയ് ക്രേറ്റ(11 ലക്ഷം), കിയ സെല്‍റ്റോസ്(10.90 ലക്ഷം), ഹോണ്ട എലിവേറ്റ്(11.69 ലക്ഷം), മാരുതി ഗ്രാന്‍ഡ് വിറ്റാര(10.99 ലക്ഷം), ടൊയോട്ട ഹൈറൈഡര്‍(11.14 ലക്ഷം), സ്‌കോഡ കുഷാക്(10.86 ലക്ഷം), ഫോക്‌സ് വാഗണ്‍ ടൈഗുണ്‍(11.70 ലക്ഷം), എംജി അസ്റ്റര്‍(9.98 ലക്ഷം) എന്നിങ്ങനെ പോവുന്നു പ്രധാന എതിരാളികളുടെ ബേസ് മോഡലിന്റെ വിലകള്‍. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ കുറവ് സിട്രോണ്‍ ബസാള്‍ട്ടിനുണ്ട് എന്നതാവും അവരുടെ യുഎസ്പി(യുണീക് സെല്ലിങ് പോയിന്റ്).