കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഓടുന്ന ഇലക്‌ട്രിക് ഓട്ടോയിലെ യാത്രക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നതായി പരാതി. ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ് പോലീസിന് ലഭിച്ചത്. നിലവില്‍ ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സംസ്ഥാനത്ത് എവിടെയും സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതിയിളവ് സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്.
നഗരത്തിലോടുന്ന ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് കോര്‍പ്പറേഷന്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടിലാണ് സിഐടിയു. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ സര്‍വീസ് നടത്തുന്നവരെ തടയാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു. ആകെ ലഭിച്ച നാല് പരാതികളില്‍ രണ്ടെണ്ണത്തില്‍ പോലീസ് കേസെടുത്തു.