തിരുവനന്തപുരം : പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ ബസ് സര്‍വീസുകളില്ലാത്ത റോഡുകളിലൂടെ കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. റോഡരികിലെ വാഹന പാര്‍ക്കിംഗ് നിയന്ത്രിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഏഴ് റൂട്ടുകളിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ആദ്യം സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നത്. വിവിധ നിറങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള ബസുകള്‍ സര്‍ക്കുലറായി ക്ലോക്ക് വൈസായും ആന്റി ക്ലോക്ക് വൈസായും സര്‍വീസ് നടത്തും. നിശ്ചിത തുക നല്‍കി പാസെടുക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ സിറ്റി സര്‍ക്കുലര്‍ ബസില്‍ സഞ്ചരിക്കാം. ഇരു ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതായിരിക്കും.