തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രധാന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് ഇനി ഇലക്‌ട്രിക് ബസുകള്‍ ലഭ്യമാകും. ഇതിനായി കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്‌ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്തെത്തി. കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് ഡല്‍ഹിയിലെ പി.എം.ഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷനില്‍ നിന്നാണ് ബസുകള്‍ വാങ്ങിയത്.
ഇലക്‌ട്രിക് ബസ് സ്വന്തമാക്കുക എന്ന കെ.എസ്.ആര്‍.ടി.സിയുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് ഇലക്‌ട്രിക് ബസില്‍ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ എല്ലാ ബസുകളും നിശ്ചിത കാലയളവിനുള്ളില്‍ ഇലക്‌ട്രിക് ആക്കി മാറ്റും. ആദ്യഘട്ടത്തില്‍ 50 ബസുകള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. തയ്യാറായ 25 ബസുകളില്‍ ആദ്യ അഞ്ചെണ്ണം വെള്ളിയാഴ്ച തലസ്ഥാനത്തെത്തി. ശനിയാഴ്ച അഞ്ച് ബസുകള്‍ കൂടി എത്തും. ബാക്കി 15 ബസുകള്‍ തിങ്കളാഴ്ച ഹരിയാനയില്‍ നിന്ന് പുറപ്പെടും. രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ ബസുകള്‍ ഉടന്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ഡീസല്‍ ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ കിലോമീറ്ററിന് 37 രൂപയാണ് ഈടാക്കുന്നത്. ഇലക്‌ട്രിക് ബസിലേക്ക് മാറുമ്പോള്‍ 20 രൂപയില്‍ താഴെയാണ് ചെലവ് വരിക. നിലവിലെ ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്‌ട്രിക് ബസുകള്‍ക്ക് ഗുണകരമാകും. തമ്പാനൂര്‍, കിഴക്കേക്കോട്ട, പാപ്പനംകോട് എന്നിവിടങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. നഗരത്തിലെ സര്‍ക്കുലറില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 1,000 ല്‍ നിന്ന് 28,000 ആയി ഉയര്‍ന്നത് ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.