പത്തനംതിട്ട : രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉള്‍പ്പെടുന്നു. നേരത്തേ 11 ജില്ലകളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ കേരളം മുഴുവന്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്.
പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് (പി.എന്‍.ജി അഥവാ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) പദ്ധതിയുടെ മേന്മ. രാജ്യത്ത് 470 ജില്ലകളില്‍ നിലവില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഒരു ഭൗമപരിധി നിശ്ചയിച്ചാണ് സിറ്റി ഗ്യാസ് അനുവദിക്കുന്നത്.
ഒരു ഭൗമപരിധി എന്നത് മൂന്ന് ജില്ലവരെ ഉള്‍ക്കൊള്ളുന്നതാണ്. രാജ്യത്ത് മൊത്തം 228 ഭൗമപരിധിയിലാണ് നിലവില്‍ ഇത് അനുവദിച്ചിരുന്നത്. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിട്ടത്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി എന്‍ ജി) വാഹനങ്ങള്‍ക്ക് നല്‍കാനുള്ള പമ്പുകളും പ്രവര്‍ത്തിപ്പിക്കാം. ടെന്‍ഡര്‍ നടപടികളിലൂടെയാണ് പുതിയ ജില്ലകളിലെ വിതരണച്ചുമതല ഏല്‍പ്പിക്കുന്നത്.