കൊച്ചി : ലൈംഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജാമ്യം നൽകിയ കീഴ്കോടതി ഉത്തരവിനാണ് സ്റ്റേ. ജസ്റ്റിസ് കൗസർ എടപ്പകത്താണ് ജാമ്യം ഇടക്കാല സ്റ്റേ ചെയ്തത്.കഴിഞ്ഞദിവസം പരാതിക്കാരിയുടെ ഹര്‍ജിയിൽ കോടതി സിവിക്കിന് നോട്ടീസ് അയച്ചിരുന്നു.
മുൻകൂർ ജാമ്യത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് കോടതിയിലുള്ളത്. രണ്ടാമത്തെ കേസിലുള്ള മുൻകൂർ ജാമ്യത്തിനെതിരായ ഹര്‍ജി ഇതുവരെ പരിഗണിച്ചിട്ടില്ല. പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതിയാണ് സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്.