ചണ്ഡീഗഡ് : ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അപകടാവസ്ഥയിലുള്ള 2814 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സെപ്റ്റംബര്‍ 30നകം ഇവ പരിശോധിച്ച് അപകടാവസ്ഥ വിലയിരുത്തി പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാക്കാനാണ് ഉത്തരവ്. പൊതുവിദ്യാലയങ്ങളിലെ മോശം അടിസ്ഥാന സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) നടത്തിയ ‘സ്‌കൂള്‍ ഠീക് കരോ’ കാമ്പയിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കണ്ടെത്തിയ സുരക്ഷിതമല്ലാത്ത 2814 കെട്ടിടങ്ങളില്‍ ചിലത് വലിയ കെട്ടിടങ്ങളാണെങ്കിലും ഭൂരിഭാഗവും ഒന്നോ രണ്ടോ പഴയ മുറികളാണെന്ന് അധികൃതര്‍ പറഞ്ഞു.
അപകടകരമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളില്‍ കുട്ടികളെ ഇരുത്തില്ലെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതുവരെ വിദ്യാര്‍ഥികളെ സമീപത്തെ സുരക്ഷിതമായ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കോ മറ്റ് കെട്ടിടങ്ങളിലേക്കോ മാറ്റുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി നായബ് സിംഗ് സൈനിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല അവലോകന യോഗത്തിന് മുന്നോടിയായാണ് നിര്‍ദേശം. പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്ക് പകരം കെട്ടിടം നിര്‍മിക്കും. സ്ഥലപരിമിതി പരിഹരിക്കുന്നതിനായി ബഹുനിലകളുള്ള ‘വെര്‍ട്ടിക്കല്‍’ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിലൂടെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ക്കായി കൂടുതല്‍ സ്ഥലം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
നടപടികള്‍ വേഗത്തിലാക്കാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാ സമിതികള്‍ക്ക് നിര്‍ദേശം നല്‍കി. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലുള്ളതായി പ്രഖ്യാപിക്കാനും അവശിഷ്ടങ്ങള്‍ ലേലം ചെയ്യാനും സമിതികള്‍ക്ക് അധികാരം നല്‍കിയിട്ടുമുണ്ട്. 2014 മുതല്‍ ഹരിയാനയില്‍ ബിജെപി അധികാരത്തിലുണ്ടായിട്ടും സര്‍ക്കാര്‍ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫലപ്രദമായ നടപടികളുണ്ടായില്ലെന്നും സിജെപി വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ആരംഭിച്ചതോടെയാണ് നടപടികള്‍ വന്നതെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി.
































