കോട്ടയം : വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ. ആശ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു.
ആധുനിക സ്‌കാനിങ് യന്ത്രങ്ങള്‍, ബ്ലഡ് ബാങ്ക്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ലോണ്‍ട്രി, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രം, വേദന രഹിത പ്രസവമുറി എന്നിവയുടെ പ്രവര്‍ത്തനരീതികള്‍ സംഘം വിലയിരുത്തി. രോഗികളില്‍ നിന്നും ഈടാക്കുന്ന മിതമായ ഫീസും കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടും പ്രാദേശിക ഭരണകൂടം നല്‍കുന്ന സഹായവും സമാഹരിച്ചാണ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ ഷാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കി. പുനലൂര്‍ ആശുപത്രി വികസനത്തിലെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിപുലമായ സൗകര്യങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു. വൈക്കം നഗരസഭാധ്യക്ഷ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രീതി രാജേഷ്, ആര്‍.എം.ഒ ഡോ. കെ.എസ് ഷീബ, നഴ്സിംഗ് സൂപ്രണ്ട് ഒ.വി. നന്ദിനി, എച്ച്.എം.സി അംഗങ്ങളായ കെ.വി ജീവരാജന്‍, അമ്ബിളി, രാജശേഖരന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.