ചെന്നൈ: വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്. ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പിയെന്ന് പറഞ്ഞാണ് കൂട്ടത്തല്ല്. തമിഴ്നാട്ടിലെ മയിലാടുതുറൈ സിര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്റെ പേരില്‍ തമ്മിലടി നടന്നത്. അതേസമയം വിഷയത്തില്‍ പോലീസ് ഇടപെട്ടതോടുകൂടി ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയെന്നാണ് വിവരം.
ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയത് ഇഷ്ടപ്പെടാത്ത വരന്റെ ബന്ധുക്കള്‍ പായസത്തിന് രുചി പോരെന്ന് പറഞ്ഞ് തര്‍ക്കം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം മൂത്ത് വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിയുകയുമായിരുന്നു. ഇത് പിന്നീട് കൂട്ടത്തല്ലായി മാറി. കൂട്ടത്തല്ലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.