ജമ്മു കശ്മീർ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപൂർ, കിഷ്ക്വാർ ജില്ലകളിലാണ് സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. സുരക്ഷാ സേനയുടെ തിരച്ചിലിനിടെയായിരുന്നു വെടിവെയ്പ്പ്. മേഖലയിൽ തീവ്രവാദികളുടെ നീക്കമുണ്ടെന്ന വിവരത്തെ തുടർന്നാണിത്. മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി. ഉദംപൂരിലെ രാംനഗറിലെ ലാർഗർ പ്രദേശത്തെ ജോഫർ മാർട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജെയ്‌ഷെ ഗ്രൂപ്പിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. നിലവിൽ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
രാവിലെ പ്രാഥമിക തിരച്ചിലിനിടെ വെടിയൊച്ചകളും കേട്ടിരുന്നു, തീവ്രവാദികളുടെ സാന്നിധ്യം ഉദ്യോഗസ്ഥർ സംശയിക്കുന്നു. രണ്ടോ മൂന്നോ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉദംപൂർ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ കിഷ്ത്വാർ ജില്ലയിലെ ചത്രു പ്രദേശത്ത് വീണ്ടും വെടിവെയ്പ്പ് ഉണ്ടായി. ചത്രു വനമേഖലയ്ക്ക് സമീപം സുരക്ഷാ സേന രണ്ടോ മൂന്നോ തീവ്രവാദികളെ വളഞ്ഞതായി റിപ്പോർട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും വെടിവയ്പ്പ് തുടരുകയാണ്.