കൊട്ടാരക്കര : സ്വകാര്യ ആശുപത്രിക്കുമുന്നിലുണ്ടായ സംഘർഷത്തിലും കൊലപാതകത്തിലും മൂന്നു പേർ കൂടി അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ ആലുംചേരി ഫർഹാന മൻസിലിൽ മസ്താൻ എന്ന ഷമീർ (35), ചെമ്പൻപൊയ്ക ഷിഫാമൻസിലിൽ സത്യൻ എന്ന ഷിജു (39), വിളക്കുടി ജയഭവനിൽ സെൻകുമാർ എന്ന മണിക്കുട്ടൻ (31) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകക്കേസിലാണ് മൂന്നുപേരെയും പ്രതിചേർത്തിരിക്കുന്നത്. ആശുപത്രി അക്രമ കേസിൽ ഏഴുപേർ നേരത്തേ പിടിയിലായിരുന്നു. കൊലപാതകക്കേസിൽ മൂന്നുപേർകൂടി അറസ്റ്റിലായതോടെ സംഘർഷത്തിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പ്രതികളെ കഴിഞ്ഞ ദിവസം പുലമണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ 20-നാണ് ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെട്ട സംഘങ്ങൾ ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ കൊല്ലപ്പെട്ട ആവണീശ്വരം സ്വദേശി രാഹുലിനെയും ചികിത്സയിലുള്ള വിഷ്ണു, ശിവൻ എന്നിവരെയെും കുത്തിയവരിൽ പ്രധാനികൾ ഷമീറും ഷിജുവുമാണെന്ന് പോലീസ് പറയുന്നു. പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലുള്ള കേസിലെ ഒന്നാംപ്രതി സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്.
ഡിവൈ.എസ്.പി. സുരേഷ്, സി.ഐ. ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിലുള്ള 24 അംഗ സ്പെഷ്യൽ സ്ക്വാഡാണ് കേസന്വേഷണം നടത്തുന്നത്. അക്രമത്തിനുശേഷം ഷിജുവും ഷമീറും രക്ഷപ്പെട്ടത് മണിക്കുട്ടന്റെ ആംബുലൻസിലായിരുന്നു. സി.സി.ടി.വി. പരിശോധനയിലൂടെ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.