പത്തനംതിട്ട : മണി നാലടിച്ചാല്‍ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അടി പൊട്ടുകയായി. സ്‌കൂള്‍ കുട്ടികളുടെ ഗ്യാങ് വാറാണ് നടക്കുന്നത്. ചേരി തിരിഞ്ഞ്, കൂട്ടം കൂടി തമ്മിലടിക്കുന്നത് പരിസരം പോലും അവഗണിച്ചാണ്. അടി പതിവായിട്ടും ഇവന്മാര്‍ക്കിട്ട് രണ്ട് അടി കൊടുക്കാന്‍ പോലീസ് എത്തുന്നില്ലെന്ന പരാതിയാണ് വ്യാപാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും. പെണ്ണു കേസാണ് മിക്കപ്പോഴും ഗ്യാങ് വാറിന് കാരണമാകുന്നതെന്ന് ബസ് യാത്രക്കാരും വ്യാപാരികളും പറയുന്നു. സ്‌കൂള്‍ വിട്ട് സ്റ്റാന്‍ഡിലെത്തിയാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം ഇവിടെ തങ്ങുന്നത് പതിവാണ്. വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം അറിയിച്ചാലും പോലീസ് കാര്യമായ നടപടികള്‍ എടുക്കാറില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി മുതല്‍ 6 മണിവരെ രണ്ട് മണിക്കൂറോളം നീണ്ടു നിന്ന കൂട്ടപ്പൊരിച്ചിലാണ് ഇവിടെ നടന്നത്. കൂട്ട അടിക്കിടെ വിദ്യാര്‍ത്ഥികള്‍ വ്യാപാര സ്ഥാപനങ്ങളിലേക്കും യാത്രക്കാര്‍ക്കിടയിലേക്കും ഓടിക്കയറിയതോടെ നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും വ്യാപാര സ്ഥാപനങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പോലീസ് എത്തിയതോടെ സംഘര്‍ഷം താത്ക്കാലികമായി അവസാനിച്ചെങ്കിലും അവര്‍ മടങ്ങിയതോടെ വീണ്ടും കൂട്ടത്തല്ല് ആരംഭിച്ചു. വീണ്ടും പോലീസ് എത്തിയെങ്കിലും ഇത്തവണ ഇടവേള കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. സംഘര്‍ഷം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയെ പോലീസ് പിടികൂടിയപ്പോള്‍ മറ്റൊരാള്‍ എത്തി സുഹൃത്തിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കയര്‍ത്തു. അവസാനം രണ്ട് പേരെയും പോലീസ് പിടികൂടിയതോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ മുങ്ങി.