ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സുബേദാർ വിപിൻ കുമാർ, ജവാൻ അരവിന്ദ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കിഷ്തവാർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും പോലീസും സംയുക്ത പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഛാത്രോ ബെൽറ്റിലെ നായ്ദഗാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. നാല് സൈനികർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു. ജൂനിയർ കമ്മീഷൻ ഓഫീസർമാരായ
നായിബ് സുബേദാർ, വിപിൻ കുമാർ, അരവിന്ദ് സിങ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ബാരമുല്ല ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ മറ്റൊരു ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ബാരമുല്ലയിലും ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കത്വ-ഉദംപൂർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരുമായുള്ള ഏറ്റുമുട്ടലിൽ ബി.എസ്.എഫ് ജവാന് പരിക്കേറ്റതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.