ഗസ്സ: റഫ ആക്രമണ പദ്ധതിയിൽ ഉറച്ചുനിൽക്കുന്ന ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൈമാറാനുറച്ച് അമേരിക്ക. പുതുതായി 25 എഫ് 35 പോർവിമാനങ്ങളും എഞ്ചിനുകളും ഉൾപ്പെടെ രണ്ടര ബില്യൻ ഡോളറിന്റെ ആയുധങ്ങളാകും നൽകുക.ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ആയുധങ്ങൾ കൈമാറാനുള്ള അമേരിക്കൻ തീരുമാനം. ഇസ്രായേലിന്റെ താൽപര്യങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയെന്ന പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് പുതിയ ആയുധ കൈമാറ്റമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പോർ വിമാനങ്ങൾക്ക് പുറമെ 1800 ൽ അധികം എം.കെ 84 ബോംബുകളും ഇസ്രായേലിനു കൈമാറും.
റഫക്കു നേരെയുള്ള ഇസ്രായൽ ആക്രമണത്തിൽ എതിർപ്പുണ്ടെങ്കിലും ആയുധസഹായം നിർത്തി വെക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇതിനിടെ ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഗസ്സ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.