പട്‌ന: പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ തല്ലിക്കൊന്നതായി ആരോപണം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മധുബനിലുള്ള സ്വകാര്യ സ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം.
ബജ്രംഗി കുമാര്‍ എന്ന 15 കാരനാണ് മരിച്ചത്. അമ്മയുടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ മധുബന്‍ പ്രദേശത്തെ ഒരു കടയില്‍ പോയതായിരുന്നു ബജ്രംഗി. ശേഷം 11:30 ഓടെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഹാര്‍ദിയ പാലത്തിനടിയില്‍ സുഹൃത്തുക്കളോടൊപ്പം പുക വലിച്ചു. ഇത് സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ചെയര്‍മാന്‍ വിജയ് കുമാര്‍ യാദവ് കണ്ടു. കുട്ടിയുടെ ബന്ധുവും സ്‌കൂളിലെ അധ്യാപകനുമായ ജയ് പ്രകാശ് യാദവും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ വിളിപ്പിച്ച ശേഷം ചെയര്‍മാന്‍ ബജ്രംഗിയെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. കുട്ടിയെ നഗ്‌നനാക്കിയ ശേഷം ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നു. അതേസമയം ആരോപണങ്ങള്‍ സ്‌കൂള്‍ ചെയര്‍മാന്‍ നിഷേധിച്ചു.