പത്തനംതിട്ട : ക്ലീന്‍ ഇന്ത്യ ക്യാമ്പയിനു മുന്നോടിയായി ഒക്‌ടോബര്‍ ഒന്നു മുതല്‍ 31വരെ പത്തനംതിട്ട ജില്ലയില്‍ ശുചീകരണ യജ്ഞം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരുടെയും പരിപാടിയുടെ ഭാഗമാകുന്ന മറ്റ് സംഘടനാ പ്രതിനിധികളുടെയും യോഗം അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുമെന്നു അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ്കുമാര്‍ പറഞ്ഞു.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂള്‍, കോളേജ്, ക്ലബുകള്‍, കുടുംബശ്രീ തുടങ്ങി വിവിധ സംവിധാനങ്ങളെ സംയോജിപ്പിച്ചാണ് ശുചീകരണം നടത്തുന്നത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് തലത്തില്‍വരെ ഫലപ്രദമായ മാലിന്യ നിര്‍മ്മാര്‍ജനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു.
ജില്ലയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഓരോ വീടും മാലിന്യമുക്തമാക്കുകയാണ് പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ആര്‍.രാജേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ്കൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധി ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.