തിരുവനന്തപുരം: 2020 ൽ മിന്നൽ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്ആർടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ 61 ജീവനക്കാർക്കെതിരായ നടപടി മാനേജ്മെൻ്റ് അവസാനിപ്പിച്ചത് യൂണിയനുകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന്. ഗതാഗത കുരുക്കിനിടെ കുഴഞ്ഞ വീണ ഒരാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ മരിച്ചതും വൻ ചർച്ചയായിരുന്നു. റൂട്ട് മാറി യാത്ര ചെയ്തുവെന്നാരോപിച്ച് സ്വകാര്യബസ്സിനെ തടഞ്ഞ കെഎസ്ആർടിസി ജീവനക്കരെ ഫോർട്ട് പോലീസ് കസ്റ്റഡിലെടുത്തപ്പോഴാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ റോഡിൽ നിർത്തിയിട്ടായിരുന്നു സമരം. നഗരം മണിക്കൂറോളം സ്തംഭിച്ചു. സമരം മറ്റ് ഡിപ്പോകളിലേക്ക് വ്യാപിച്ചതോടെ ജില്ലയിൽ ജനങ്ങളുടെ യാത്ര സ്തംഭിച്ചു. ഇതിനിടെ കിഴക്കോട്ടയിൽ വണ്ടികാത്തു നിന്ന കടകംപ്പള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞു വീണു.
ഗതാഗതക്കുരുക്കഴിച്ച് പോലിസ് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർക്കാരിനെയും പോലിസിനെയും മാനേജുമെൻറിനെയും വെല്ലുവിളിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. 2020 മാർച്ച് നാലിന് കസ്റ്റഡിലെടുത്തവരെ ജാമ്യത്തിൽ വിട്ടയച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുറ്റക്കാർക്കെതികെ കർശന നടപടി, നിയവിരുദ്ധമായ ഡ്യൂട്ടി നിർത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും ഇതൊക്കെയായിരുന്ന അന്നത്തെ ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിരുന്നു.