പത്തനംതിട്ട : കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റും പരിസരവും സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി. പത്തനംതിട്ട കളക്ടറേറ്റില്‍ എല്ലാ നിലകളിലും പാസേജുകള്‍, സ്റ്റെയര്‍ കേസുകള്‍, എ.ടി.എം കൗണ്ടര്‍, ആളുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ അഗ്‌നിശമന സേനയും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും അടങ്ങുന്ന 16 അംഗ സംഘം അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു.
പത്തനംതിട്ട നഗരത്തിലെ വെയിറ്റിങ് ഷെഡുകളിലും എ.ടി.എം കൗണ്ടറുകളിലും ആര്‍.ടി.ഓഫീസിലും അഗ്‌നിശമന സേനയുടെ അണുവിമുക്ത പ്രവര്‍ത്തനം തുടര്‍ന്നു. കോവിഡ് 19 പ്രതിരോധനടപടിയുടെ ഭാഗമായി ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിനില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് അഗ്നി രക്ഷാ സേനയുടെ കേരള സിവില്‍ ഡിഫന്‍സ് ടീമും അണുവിമുക്ത പ്രവര്‍ത്തങ്ങളുടെ ഭാഗമായത്. വീണാ ജോര്‍ജ്ജ് എം.എല്‍ എയുടെ ശ്രമഫലമായി പത്തനംതിട്ട നിലയത്തില്‍ പുതുതായി ലഭിച്ച ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ എന്ന അത്യാധുനിക വാഹനമാണ് അണുനാശിനി സ്‌പ്രേ ചെയ്യാനായി ഉപയോഗിച്ചത്. സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി നേര്‍പ്പിച്ചാണ് അണുനാശിനിയായി ഉപയോഗിച്ചത്.
പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.ഡി റോയി, എസ്.കെ. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഒന്‍പത് അംഗ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും ബിജു കുമ്പഴ, മഞ്ജു വിനോദ്, ആല്‍ബിന്‍ വര്‍ഗ്ഗീസ്, അഭിഷേക്, സജിന്‍ സാം, അമ്യത രാജ് എന്നിവര്‍ അടങ്ങുന്ന ആറംഗ കേരള സിവില്‍ ഡിഫന്‍സ് വോളന്റിയേഴ്‌സും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.