കോന്നി : കാലാവസ്ഥയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകൾ വന്യ ജീവികൾ വനം വിട്ട് നാട്ടിൽ ഇറങ്ങുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്ന് സതേൺ സർക്കിൾ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ ഡോ. ആർ കമൽഹാർ ഐ എഫ് എസ് പറഞ്ഞു. വന പ്രദേശത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സംഘടിപ്പിച്ച ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഹം ഒഴികെയുള്ള ബാക്കി എല്ലാ വന്യമൃഗങ്ങളും കേരളത്തിലെ വനങ്ങളിൽ ഉണ്ട്. വനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് ഒറ്റക്ക് ഒരു തീരുമാനം എടുക്കാൻ കഴിയില്ല. കേന്ദ്ര അനുമതി കൂടി വേണം. വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുമ്പോൾ കാലാവസ്ഥ വ്യതിയാനം പ്രധാന പ്രശ്നമാണ്. ഇതിനെ കുറിച്ച് നാം ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
റാന്നി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി കെ ജയകുമാർ ശർമ ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ട പ്രൊഫ. ഇ കുഞ്ഞികൃഷ്‌ണൻ വിഷയാവതരണം നടത്തി. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ്, പത്തനംതിട്ട സോഷ്യൽ ഫോറെസ്റ്ററി അസിസ്റ്റന്റ് ഫോറെസ്റ്റ് കൺസർവേറ്റർ ബി രാഹുൽ, ആലപ്പുഴ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ഓഫീസർ പി കെ രാജേഷ്, സോഷ്യൽ ഫോറെസ്റ്ററി പത്തനംതിട്ട റേഞ്ച് ഓഫീസർ ജെ മുഹമ്മദ് സാബിർ, ആലപ്പുഴ സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ സുമീ ജോസഫ്, ബിജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.