കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളികൾ ജനപ്രിയ ഇനങ്ങളായ ചാളയ്ക്കും അയലയ്ക്കുമായി വലയെറിഞ്ഞ് കൈകുഴഞ്ഞു. 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. ചെറിയ ബോട്ടുകാർക്ക് കണവ ലഭിച്ചിരുന്നു. കടലിൽ ദിവസങ്ങൾ ചെലവഴിച്ചാലും വലയിൽ വീഴുന്നത് തുച്ഛമായ മീനാണ്.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് മലയാളിയുടെ ഏറ്റവും ഡിമാൻഡ് കൂടിയ ചാള, അയല എന്നിവയുടെ ലഭ്യത കുറഞ്ഞതെന്നാണ് കരുതുന്നത്. തീരക്കടലിൽ മുട്ടയിട്ട ശേഷം മത്തിയും അയിലയും ആഴക്കടലിലേക്കും ചൂട് കുറഞ്ഞ തമിഴ്‌നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
കേരളതീരത്ത് മുട്ട വിരിഞ്ഞുണ്ടാകുന്ന മത്തിക്കുഞ്ഞുങ്ങൾക്ക് വേണ്ട ആഹാരം ലഭിക്കാത്തതും പ്രശ്നമാണ്.നാൽപ്പതും അമ്പതും പേര് കയറുന്ന പരമ്പരാഗത വള്ളങ്ങളിൽ പോകുന്നവർക്ക് അയലയും ചാളയും കിട്ടാതെയായതോടെ പണിയും ഇല്ലാതായി. ചെറിയ ബോട്ടുകാർക്ക് പൂവാലൻ ചെമ്മീനും കൊഴുവയും കിളിമീനുമാണ് കൂടുതലായി ലഭിക്കുന്നത്. സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞദിനങ്ങളിൽ ടൺകണക്കിന് കിളിമീൻ നിറഞ്ഞ ബോട്ട് തീരം തൊടാറുണ്ട്.