തിരുവനന്തപുരം: ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ല ചർച്ചയെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയാൻ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ക്രമാസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ കീഴിൽ ഒരു ലഹരിവിരുദ്ധ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഈ സർക്കാരിൻ്റെ കാലത്ത് 87,702 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും, ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താനായി ശ്രമങ്ങൾ നടത്തിയെന്നും പറഞ്ഞ മുഖ്യമന്ത്രി, മയക്കുമരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരത്തിൽ കൂടുതലാണെന്നും, ഇവിടുത്തെ എൻഫോഴ്സ്മെൻറ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 5 സ്റ്റാർ ഹോട്ടലുകളെ മദ്യ വ്യാപനമായി കാണരുതെന്നും, അത് നാടിൻ്റെ പ്രത്യേകതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. സർക്കാർ ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വികാരത്തിനൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം, പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നും, പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണെന്നും വ്യക്തമാക്കി. ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണെന്ന് പറഞ്ഞ അദ്ദേഹം, കുട്ടികൾക്ക് സഹജീവി സ്നേഹം ഇല്ലാതായെന്നും, ഓരോ സ്ഥലങ്ങളും ഓരോ പെട്ടിയായി മാറിയെന്നും ചൂണ്ടിക്കാട്ടി. സിനിമകളും ദുസ്വാധീനം സൃഷ്ടിക്കുന്നുവെന്നും, ‘എടാ മോനെ’ എന്ന് വിളിക്കുന്ന സിനിമയുണ്ടല്ലോ, അത് കണ്ട് കുട്ടികളും അങ്ങനെ വിളിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, സെൻസർ ബോർഡിനെയും വിമർശിച്ചു.