ഭോപ്പാല്‍: മണിക്കൂറുകളോളം വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിവിഷണല്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം നടന്നത്. വൈകിട്ട് 5.48ഓടെയാണ് വാര്‍ഡില്‍ വൈദ്യുതി തകരാര്‍ ഉണ്ടായത്. രാത്രി 7.45ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഭോപ്പാലിലെ ഏറ്റവും വലിയ കോവിഡ് വാര്‍ഡില്‍ 64 രോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്.
ഒരു ജനറേറ്റര്‍ ഉപയോഗിച്ച് ആശുപത്രിയില്‍ പവര്‍ ബാക്കപ്പ് നല്‍കിയിരുന്നെങ്കിലും ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് അതും തകരാറിലായി. മുന്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ എംഡി അക്ബര്‍ ഖാന്‍ (67) ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി ബാക്കപ്പ് പരിപാലിക്കുന്നതിന്റെ ചുമതലയുള്ള പിഡബ്ല്യുഡി എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തു.
സംഭവം ഗുരുതരമാണെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ആശുപത്രിയില്‍ ശരിയായ ക്രമീകരണങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഉത്തരവാദിയായ ഡോക്ടര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കുറ്റക്കാരനാണെങ്കില്‍ അദ്ദേഹവും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.