തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നോര്‍വേ പര്യടനത്തില്‍ കേരളത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയില്‍ 150 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയുന്നു. പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്‍റെ 67 ശതമാനം ഓഹരിയും വാങ്ങിയ ഓര്‍ക്കലെ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോര്‍വീജിയന്‍ കമ്പനിയാണെന്നാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഫ്രോസണ്‍ പിസ, കെച്ചപ്പ്, സൂപ്പ്, സോസ് എന്നിങ്ങനെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വിപണനം നടത്തുന്ന പ്രമുഖ കമ്പനിയാണ് ഓര്‍ക്കല ഫുഡ്‌സ്.
എന്നാല്‍ കര്‍ണ്ണാടക ആസ്ഥാനമായ മസാല പൊടികള്‍ വില്‍ക്കുന്ന എം.ടി.ആര്‍ ഫുഡ്സ് എന്ന കമ്പനിയെ 2007 ല്‍ ഏകദേശം 450 കോടിയോളം രൂപ മുടക്കി ഓര്‍ക്കല ഫുഡ്‌സ് ഏറ്റെടുത്തിരുന്നു. അരിപൊടികള്‍, അച്ചാറുകള്‍, റെഡി ടു ഈറ്റ് ഉള്‍പ്പടെ നിരവധി മേഖലകളിലേക്ക് എം.ടി.ആര്‍ ഫുഡ്‌സിന്റെ ബിസിനസ്സ് ഇതിനോടകം വ്യാപിപ്പിച്ചിട്ടുണ്ട്.
ഓര്‍ക്കല ഫുഡ്‌സിന്‍റെ ഇന്ത്യന്‍ സബ്സിഡിയറിയായ എം.ടി.ആര്‍ ഫുഡ്സ് 2020 ല്‍ കേരളത്തിലെ ഈസ്റ്റേണ്‍ കറി പൗഡര്‍ കമ്പനിയുടെ ഉടമസ്ഥര്‍ മീരാന്‍ ഫാമിലിയുടെ 74 ശതമാനം ഷെയറില്‍ നിന്ന് 41.80 ശതമാനം ഷെയറും കോര്‍മിക് ഇന്‍ഗ്രേഡിയന്റ്സിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതും ഉള്‍പ്പടെ 67.80 ശതമാനം ഷെയര്‍ 2000 കോടി രൂപക്ക് വാങ്ങിയിരുന്നു.
എം.ടി.ആര്‍ ഫുഡ്സും, ഈസ്റ്റേണ്‍ കറി പൗഡര്‍ കമ്പനിയും തമ്മില്‍ ലയിപ്പിച്ചതിന് ശേഷം ഉള്ള കമ്പനിയില്‍ ഓര്‍ക്കല ഫുഡ്‌സിന് 90 ശതമാനം ഷെയറും, മീരാന്‍ ഫാമിലിക്ക് 10 ശതമാനം ഷെയറും ഉണ്ടായിരിക്കും. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കല ഫുഡ്‌സ് അവരുടെ നിലവില്‍ ഉള്ള ബിസിനസ്സ് വികസിപ്പിക്കാന്‍ മുടക്കാന്‍ പോകുന്ന തുകയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടന നേട്ടമായി പ്രചരിപ്പിക്കുന്നത് എന്ന് ചുരുക്കം.
ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്കലെ തീരുമാനിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക നോഡല്‍ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്- ഇതിന്‍റെ ഭാഗമായി ഓര്‍ക്കലെയുടെ തുടര്‍ നിക്ഷേപത്തിന് ഹാന്‍ഡ് ഹോള്‍ഡ് സേവനം നല്‍കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യ കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യന്‍ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിലും കേരളം മുമ്ബിലാണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്കരണ മേഖലക്ക് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍ അറിയിച്ചതായും ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലര്‍ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോര്‍വ്വ സന്ദര്‍ശനത്തിന്‍റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നില്‍ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള കാഴ്ചപാടിന്‍റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വര്‍ഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതല്‍ നോര്‍വ്വേയില്‍ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികള്‍ കുടുതലായി കുടിയേറാന്‍ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരില്‍ ഭൂരിഭാഗവും.
നോര്‍വ്വേയിലെ പെന്‍ഷന്‍ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായി പിണറായി വിജയന്‍ സൂചന നല്‍കി. ആദ്യമായാണ് കേരള മുഖ്യമന്ത്രി നോര്‍വ്വേയിലെത്തുന്നതെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡന്‍റ് സിന്ധു എബ്ജില്‍ പറഞ്ഞു. പെരുമ്പാവൂര്‍കാരിയായ സിന്ധു പതിനേഴ് വര്‍ഷമായി നോര്‍വ്വേയിലാണ്. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും മറുപടി പറഞ്ഞു.