തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ തുടര്‍ചികിത്സ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്ന്. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി എം രവീന്ദ്രന്‍ സമര്‍പ്പിച്ച കത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് തീരുമാനം എടുക്കും. അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള നടപടി പ്രതിപക്ഷം കടുപ്പിച്ചേക്കും. കഴിഞ്ഞ ദിവസം സി എം രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു.
നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ നിന്നും ഒളിച്ചുകളി നടത്തുന്നതെന്നും മുല്ലപ്പള്ളി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ഇത് സിപിഐഎം-ബിജെപി പരസ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യ ഇടപെടലിനെ തുടര്‍ന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.