കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിടുക്കത്തിലുള്ള നീക്കത്തിന് ഉദ്ദേശമില്ലെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതിന് ശേഷം സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധ്യതയെന്നും വിവരം സ്വപ്‌നയുടെ മൊഴി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ ഗുണകരമാകുമെന്നാണ് ഇ ഡി വിലയിരുത്തല്‍.
അതേസമയം എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളിലെന്ന് ഇ ഡി അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം. കള്ളപ്പണക്കേസിലെ രണ്ടാമത്തെ ഇ ഡി കുറ്റപത്രമാണിത്. ബിനാമി ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം തുടരും. കൂടാതെ കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഉദ്യോഗസ്ഥര്‍ ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചു. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു.