തിരുവനന്തപുരം : ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇഡി സംഘം രവീന്ദ്രന് ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയേക്കും. അതേസമയം ഇന്നലെ സിഎം രവീന്ദ്രന്‍ ആശുപത്രി വിട്ടിരുന്നു.
ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രവീന്ദ്രന് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.