കോഴിക്കോട് : വ്യാഴാഴ്ച സ്വന്തം നിലയ്ക്ക് കേരളത്തിലെ കടകള്‍ പൂര്‍ണമായും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെ വെല്ലുവിളിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വ്യാപാരികളുടെ വികാരം മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ആ വികാരത്തിനൊപ്പം നില്‍ക്കുന്നതിനൊന്നും വിഷമമില്ല. പക്ഷെ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ’- മുഖ്യമന്ത്രി പറഞ്ഞു.
ജൂലായ് 15 മുതല്‍ എല്ലാ കടകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എല്ലാ ദിവസവും തുറക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികളുടെ തീരുമാനം. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രിയെന്നും വ്യാപാരികളുടെ ആവശ്യം ന്യായമെങ്കില്‍ അംഗീകരിക്കാന്‍ മടിക്കുന്നതെന്തിനെന്നും വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെത് ധിക്കാരപരമായ നടപടിയെന്നാണ് വ്യാപാരികള്‍ വിശേഷിപ്പിച്ചത്. പിണറായി വിജയന്റെ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നും വ്യാപാരികള്‍ രോഷത്തോടെ പ്രതികരിച്ചു.
വ്യാഴാഴ്ച കേരളത്തിലെ കടകള്‍ തുറക്കാനുള്ള തീരുമാത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍. നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്നും ടി. നസറുദ്ദീന്‍ പറഞ്ഞു.