തിരുവനന്തപുരം : പരിസ്ഥിതി ലോലമേഖലയിലെ സുപ്രിം കോടതി വിധിയോട് സർക്കാരിന് യോജിപ്പെന്ന് മുഖ്യമന്ത്രി. ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്ര സർക്കാരിനെ സമീപിക്കും. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതിയുടേത് വനസംരക്ഷണ ഉത്തരവ്. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും. ആശങ്ക പരിഹരിക്കാൻ നിയമപരമായ സാധ്യത വിശദമായി പരിശോധിക്കും. വിഷയത്തിൽ ഗൗരവത്തോടെ തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിംകോടതിയുടെ വനവൽക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നു. സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തിൽ കാണുന്നു, അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.