ചെന്നൈ: കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്നുളള പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. പെന്നലൂര്‍പേട്ട പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ മധുര സ്വദേശി 40 കാരനായ പരമശിവത്തിന്റെ വീഡിയോയാണ് വൈറലായത്. 40 ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന തിദീര്‍ നഗര്‍ മേഖലയില്‍ നിന്നുള്ള മാതാപിതാക്കളോടാണ് സബ് ഇന്‍സ്പെക്ടര്‍ സംസാരിച്ചത്.
ചില മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിടാതെ ജോലിയ്ക്ക് വിടാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കിയ പരമശിവം, കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും അവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘സാരാ ശിക്ഷക് അഭിയാന്‍’ പദ്ധതിയെക്കുറിച്ചും അദ്ദേഹം രക്ഷിതാക്കളെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ സ്‌കൂളില്‍ പോയില്ലെങ്കില്‍ രക്ഷിതാക്കള്‍ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരമശിവത്തിന്റെ ശ്രമങ്ങളെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിനന്ദിച്ചു.