തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. കോവിഡിനെ നേരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വാക്സീന്‍ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കും. വാക്സിനേഷന് എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സമയക്രമീകരണവും നിര്‍ബന്ധമാക്കും. വാക്സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.
സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. വാക്സീന്‍ പണം കൊടുത്തു വാങ്ങുന്നത് സംസ്ഥാനത്തിനു ബാധ്യതയാണ്. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു. സ്വകാര്യ ആശുപത്രികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാര്‍ട്ടികളുമായി ആലോചിക്കും. നോമ്പുകാലത്ത് ഭക്ഷണ വിതരണം തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിക്കുന്നതിനാല്‍ നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.