തിരുവനന്തപുരം : കേരളത്തില്‍ ഓക്‌സിജന്‍ ഉപയോഗം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് ഇനി ഓക്‌സിജന്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ രോഗികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കാര്യം നടക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഗോവ, തമിഴ്‌നാട്, ദില്ലി എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്‌സിജന്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ ഓക്‌സിജന്‍ മിച്ച സംസ്ഥാനമായും കേരളം മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി കേസുകള്‍ വര്‍ധിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്.
കേരളത്തില്‍ ഓക്‌സിജന്റെ ഉപഭോഗം കൂടി വരുന്നത് കൊണ്ട് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. 219 ടണ്‍ ഓക്‌സിജനാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ പൂര്‍ണമായ ഉല്‍പ്പാദനം നേരത്തെ നടത്തിയിരുന്നില്ല. ഉപഭോഗം വര്‍ധിച്ചതോടെ അതും വര്‍ധിക്കാനാണ് സാധ്യത.
തിരുവനന്തപുരം ആര്‍സിസിയില്‍ കഴിഞ്ഞ ദിവസം ഓക്‌സിജന്റെ ക്ഷാമമുണ്ടായിരുന്നു. ഇന്ന് കാസര്‍കോട് ജില്ലയിലെ രണ്ട് ആശുപത്രികളിലാണ് ഓക്‌സിജന്‍ ക്ഷാമമുള്ളത്. ഇകെ നായനാര്‍ ആശുപത്രി, കിംസ് സണ്‍റൈസ് ആശുപത്രി എന്നിവയില്‍ ഓക്‌സിജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് അധികൃതര്‍ പറയുന്നു. മംഗളൂരുവില്‍ നിന്നുള്ള ഓക്‌സിജന്‍ നിലച്ചതാണ് ഇതിന് കാരണമെന്ന് ആശുപത്രികള്‍ പറയുന്നു. കണ്ണൂരില്‍ നിന്ന് അടിയന്തരമായി ഓക്‌സിജന്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥതയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റില്ലാത്തതാണ് പ്രശ്‌നം.