Monday, April 21, 2025 5:12 pm

ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ് , വിരട്ട് കൊണ്ട് ഇങ്ങോട്ടു വരേണ്ട – ഇ.ഡി യോട് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഫ്ബിക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ചില കാര്യങ്ങള്‍ സംഭവിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം തടയാന്‍ വരുന്ന ഒരു ശക്തിക്കും വഴങ്ങില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമം ഉണ്ടെന്നു ഓര്‍ക്കുന്നത് നല്ലതാണ്. നാടിന്റെ വികസനം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ല. വികസനത്തിന് ഇടങ്കോലിടാന്‍ വരരുത്. അധികാരത്തിനു മുന്നില്‍ മുട്ടുമടക്കുന്നവരെ മാത്രമേ ബിജെപി നേതൃത്വം കണ്ടിട്ടുണ്ടാകൂ. ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ്. ഇവിടെ വിരട്ട് കൊണ്ട് കാര്യം നടക്കില്ല.

കേന്ദ്ര ധനമന്ത്രിയുടെ ആരോപണം ജനങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതു കൊണ്ടാകും ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ ഇംഗിതം നടപ്പിലാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ അതിരു കവിഞ്ഞ വ്യഗ്രത കാണിക്കുന്നു. കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായി. ഉദ്യോഗസ്ഥര്‍ക്കു സമന്‍സ് കിട്ടുന്നതിനു മുമ്പേ  മാര്‍ച്ച് 2നു മാധ്യമങ്ങളിലൂടെ കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രത്യേക അന്തരീക്ഷം ഉണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. മുമ്പും  ഇത്തരം നീക്കം ഉണ്ടായിരുന്നു. അത് സംബന്ധിച്ച് പരസ്യമായി സംസ്ഥാന സര്‍ക്കാര്‍ പറയുകയും പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു കാലത്ത് ആര്‍ക്കു വേണ്ടിയാണ് ഇഡി ചാടി ഇറങ്ങിയതെന്നു മനസിലാക്കാന്‍ പാഴൂര്‍പടിവരെ പോകേണ്ട കാര്യമില്ല. ബിജെപി പറയുന്നതിനു മുമ്പേ  വിളിച്ചു പറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്ന അന്വേഷണമല്ല കേന്ദ്രം നടത്തേണ്ടത്. സര്‍ക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥര്‍. അത്തരം ഉദ്യോഗസ്ഥരെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ അധികാരം ദുര്‍വിനിയോഗം ചെയ്തു വിളിച്ചു വരുത്തുന്നത് അംഗീകരിക്കാനാകില്ല.

രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഇഷ്ടമുള്ള മൊഴി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു ശാരീരിക ഉപദ്രവം ഉണ്ടാകും എന്ന നിലവരെ ഉണ്ടാകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഈ വെപ്രാളം എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രനിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ആര്‍ബിഐ അനുമതിയോടെയാണ് ചട്ടങ്ങള്‍ പാലിച്ച് മസാലാ ബോണ്ട് പുറപ്പെടുവിച്ചത്.

ഇഡി കിഫ്ബിയില്‍ അന്വേഷണം നടത്തുന്നത് സിപിഎം ബിജെപി ബന്ധത്തിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പായിരുന്നു. അന്ന് കേന്ദ്ര ഏജന്‍സികള്‍ക്കു വിളക്കു പിടിച്ചു നടന്നത് ആരായിരുന്നു എന്ന് ഓര്‍ക്കണം. പ്രതിപക്ഷ നേതാവിനു മറവി രോഗം ഇല്ല എന്നാണ് കരുതുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്നുള്ള ആക്രമണം എല്‍ഡിഎഫ് നേരിട്ടിട്ടുണ്ട്. വികസനത്തിനു തടസമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആവുന്നത് ശ്രമിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതി വേണ്ടെന്നു പ്രതിപക്ഷ നേതാവ് ഒരുസമയത്തും പറഞ്ഞിട്ടില്ല.

കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ നിയമപരമായാണ് സര്‍ക്കാര്‍ നേരിട്ടത്. പ്രതിപക്ഷം എന്തെല്ലാം കള്ളകഥ മെനഞ്ഞു. ഇപ്പോള്‍ അവയെല്ലാം എവിടെയാണ്. സര്‍ക്കാരുമായി ബന്ധമുള്ള ഒരാള്‍ക്കുപോലും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവിനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.

ബിജെപിയിലേക്കു കടകാലിയാക്കല്‍ വില്‍പ്പന നടത്തുന്ന പാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം. വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ നോക്കിനില്‍ക്കില്ല. സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ ജനക്ഷേമത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാകരുത് – മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ചൂട് കൂടി ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
കൊച്ചി: കേരളത്തിൽ വേനൽ ചൂടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്,...

നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും....

കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദം ; മാർപാപ്പയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രതിപക്ഷനേതാവ്...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍ അനുവദിച്ചു

0
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍...